ലോകത്തില്‍ സാധാരണയായി ഭൂരിപക്ഷം
ആള്‍ക്കാര്‍ ചെയ്യുന്നതോക്കെയും പിന്തുടരുക
എന്നത് മനുഷ്യരില്‍ കണ്ടുവരുന്ന ഒരു പ്രവണതയാണ്. ആത്മീയ മേഖലയിലും ഒരു
വ്യത്യാസവുമില്ലാതെ ഈ പ്രവണത കണ്ടുവരുന്നു. ആത്മീയ ഗോളത്തില്‍ ഇന്ന് കണ്ടുവരുന്ന
തെറ്റായ ഉപദേശങ്ങള്‍ പെരുകുവാനും കര്‍ത്താവിന്‍റെ സഭയെയും, ദൈവത്തിന്‍റെ
രക്ഷാപദ്ധതിയും മനുഷ്യന്‍ അവഗണിക്കുന്നതിന്‍റെ പ്രധാനപ്പെട്ട കാരണം മനുഷ്യന്‍
ബഹുജനത്തെ അനുസരിക്കുന്നതുകൊണ്ടും, ദൈവത്തോടും ദൈവ വചനത്തോടും
വിശ്വസ്തരായിരിക്കുന്നവര്‍ ന്യുനപക്ഷമായതുകൊണ്ടുമാണ്.
ദൈവമക്കള്‍ ബഹുജനത്തെ
അനുസരിച്ചു ദോഷം ചെയ്യരുതു എന്ന് ബൈബിള്‍ പഠിപ്പിക്കുന്നു (പുറപ്പാട്.23:2).
നോഹയുടെ കാലത്ത് ജലപ്രളയത്തില്‍ ബഹുജനത്തെ പിന്തുടര്‍ന്ന ജനങ്ങള്‍ക്ക് എന്ത്
സംഭവിച്ചു? (ഉല്പത്തി. 6:5-8; 7:23; IIപത്രോസ്.2:5). നോഹയും തന്‍റെ കുടുംബവും
ഒഴികെ എല്ലാവരും നശിച്ചു. ബഹുജനത്തെ പിന്തുടരുന്ന എല്ലാവരുടെയും അവസാനം നിത്യനാശം
തന്നെയാണ്. യേശുവിന്‍റെ ക്രൂശ് മരണസമയത്ത് അവന്‍റെ ശിഷ്യന്മാര്‍ എല്ലാവരും അവനെ
വിട്ടു ഓടിപ്പോയി (മത്തായി.26:56). പ്രിയ സുഹൃത്തേ, നിങ്ങളുടെ തീരുമാനം എന്താണ്?
ബഹുജനത്തെ പിന്തുടരുമോ? അതോ ന്യുനപക്ഷം വരുന്ന വിശ്വസ്തരായ ദൈവമക്കളെ പിന്തുടരുമോ?
ദൈവമക്കള്‍
ഭൂരിപക്ഷത്തെയോ, ന്യുനപക്ഷത്തെയോ പിന്തുടരേണ്ടവരല്ല. എല്ലാവരും ചില പ്രവര്‍ത്തികള്‍,
ആചാരങ്ങള്‍ എകാഭിപ്രായത്തോടെ ചെയ്യുന്നു എന്നതുകൊണ്ട് ദൈവം ആ പ്രവര്‍ത്തികളെ അംഗീകരിക്കുന്നു
എന്ന് ചിന്തിക്കുവാന്‍ കഴിയില്ല. ദൈവം പറയുന്നു, “എന്‍റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങൾ അല്ല; നിങ്ങളുടെ വഴികൾ എന്‍റെ വഴികളുമല്ല എന്നു യഹോവ അരുളിച്ചെയ്യുന്നു. ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതുപോലെ
എന്‍റെ വഴികൾ നിങ്ങളുടെ വഴികളിലും എന്‍റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങളിലും ഉയർന്നിരിക്കുന്നു”
(യെശയ്യാ.55:8-9).
ദൈവമക്കള്‍ ഒരു കാര്യം ശേരിയോ തെറ്റോ
എന്ന് തീരുമാനിക്കുന്നത് ബഹുജനത്തെ നോക്കിയല്ല, സുവിശേഷകന്മാര്‍ പറയുന്നതുകൊണ്ടല്ല,
സഭയിലെ ചില വ്യക്തികളുടെ അഭിപ്രായം പരിഗണിച്ചുകൊണ്ടല്ല, സഭയില്‍ നടത്തിയ
വോട്ടിന്‍റെ സംഖ്യാബലത്തിലല്ല. ബൈബിളില്‍ വെളിപ്പെടുത്തിയ ദൈവഹിതം പഠിച്ചുകൊണ്ടാണ്.
ദൈവ വചനത്തിനു മാത്രമാണ് നമ്മെ
തിരുത്തുവാനും തികഞ്ഞവരാക്കുവാനും കഴിയുന്നത്(IIതിമോ.3:16-17). ആയതിനാല്‍ ബൈബിള്‍
പറയുന്നു, “ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം
ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ” (റോമര്‍.12:2).
ബ്രോ: വിനോജ് മാത്യു.
Comments
Post a Comment